ഈശോ, യേശു, ജീസസ്

ഈശോ…

നൂറ്റൊന്നു സുകൃത ജപങ്ങള്‍
ദിവസങ്ങളോളം ഉരുക്കഴിച്ചു കൊണ്ടുണ്ടാക്കിയ
പിച്ചള വളയുമണിഞ്ഞു
എല്‍.പി.സ്കൂളിന്റെ മുറ്റത്തു സ്ഥാപിച്ച
ചില്ല് കൂട്ടിനുള്ളില്‍ നിന്ന് ചിരിക്കുന്ന കുട്ടി.

യേശു…

അമ്മയുടെ ശുഷ്കിച്ച വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നിറങ്ങുന്ന കൊന്ത മണികള്‍ക്കൊടുവില്‍
തൂങ്ങിയാടുന്ന ദൈവപുത്രന്‍.

ജീസസ്…

ഭാഷാ വരത്തിന്റെ അലര്‍ച്ചയിലും,
ഉപദേശിയുടെ കറുത്ത ചട്ടയിട്ട ബൈബിളിലും നിന്ന്
സുമുഖനായ അമേരിക്കന്‍ ദൈവത്തിന്റെ മുഖം മൂടി മാറ്റി
ഇറങ്ങിയോടാന്‍ വെമ്പുന്ന ഒരു ജൂത വിപ്ലവകാരി.

(പ്രേരകം – സാറാ ജോസഫിന്റെ ആത്മകഥ കുറിപ്പിലെ യേശു അനുഭവം).